പാദം മുതൽ വാൽ വരെ 238 അടിയും(73 m), കീഴ്ഭാഗം മുതൽ ശിരസ്സ് വരെ 66.3 അടിയുമാണ് (20.21 m) ഈ ശില്പത്തിന്റെ വലിപ്പം. ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പുരാതന ശില്പങ്ങളിൽ ഒന്നാണ് സ്ഫിങ്ക്സ്. പുരാതന സാമ്രാജ്യത്തിൽ ഫറവോആയിരുന്ന ഖഫ്രെയുടെ (c. 2558–2532 BC) ഭരണകാലത്താണ് ഇത് പണികഴിപ്പിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.
നിർമ്മിതി
ഗിസ പീഠഭൂമിയിലെ ഒരു പാറയിൽ കൊതിയുണ്ടാക്കിയ ഒറ്റക്കൽ ശില്പമാണ് സ്ഫിങ്ക്സ്. ഇതേ ക്വാറിയിൽനിന്നുതന്നെയാണ് പിരമിഡുകൾ ഉൾപ്പെടെയുള്ള ഗിസയിലെ മറ്റു പല നിർമിതികൾക്കും ആവശ്യമായ കല്ല് ഖനനം ചെയ്തതും. സ്ഫിങ്ക്സിന്റെ പാദം ഉൾപ്പെടെയുള്ള കീഴ്ഭാഗം കട്ടിയേറിയ കൽപാളിയിലാണ് പെടുന്നത്. കഴുത്ത് വരെയുഌഅ ഭാഗം താരതമ്യേന മൃദുലമായ കൽ പാളിയിൽ വരുന്നതിനാൽ സാരമായ ശിഥലീകരണത്തിന് സ്ഫിങ്ക്സിന്റെ ഈ ഭാഗം വിധേയമായിട്ടുണ്ട്. പക്ഷെ ശിരസ്സ് കൊത്തിയിരിക്കുന്ന കല്ല് കൂടുതൽ ഉറപ്പുള്ളതാണ്.
പുനഃരുദ്ധാരണം
ഒരുകാലത്ത് ഗിസ് നെക്രോപോളിസ് തന്നെ ഉപേക്ഷിക്കപെട്ട നിലയിൽ ആയിരുന്നു. വളരെ നാളുകൾ മണൽ മൂടികിടന്ന സ്ഫിങ്ക്സ് പ്രതിമയെ ഉദ്ഖനനം ചെയ്ത് വീണ്ടെടുത്തത് ഈജിപ്തിലെ യുവ-ഫറവോ ആയിരുന്ന തുത്മോസ് നാലാമനാണ് (1401–1391 അല്ലെങ്കിൽ 1397–1388 BC). ബി.സി 1400ലായിരുന്നു ഇത്.
ഒരിക്കൽ ഗിസ പീഠഭൂമിയിൽ വിശ്രമിക്കുകയായിരുന്ന തുത്മോസിന് ഈജിപ്ഷ്യൻ ദേവനായിരുന്ന റായുടെ സ്വപ്നദർശനം ലഭിച്ചുവെന്നും, സ്വപ്നത്തിൽ സ്ഫിങ്ക്സിനെ മണ്ണിനടിയിൽനിന്നും വീണ്ടെടുക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് ഐതിഹ്യം. സ്ഫിങ്കിസിന്റെ മുൻ കാലുകൾക്കിടയിലായി തുത്മോസ് സ്ഥാപിച്ച സ്വപ്ന ശിലയിൽ ഈ സംഭവത്തെ കുറിച്ച് ഹൈറോഗ്ലിഫിൿസ് ലിപിയിൽ വിവരിച്ചിട്ടുണ്ട്.
പിന്നീട് റംസ്സെസ് രണ്ടാമൻ ഫറവോ രണ്ടാംഘട്ട ഉദ്ഖനനം ഏറ്റെടുത്തിരിക്കണം എന്നും കരുതുന്നു.
ആധുനിക കാലഘട്ടത്തിൽ പുരാവസ്തു ഉദ്ഖനനം നടക്കുന്നത് എ.ഡി 1817ലാണ്. ഇറ്റാലിയൻ പുരാവസ്തുശാസ്ത്രജ്ഞനായ ഗിയോവാനി ബാറ്റിസ്റ്റ കാവിഗ്ലിയയുടെ നേതൃത്വത്തിൽ സ്ഫിങ്ക്സിന്റെ മാറ് വരെയുള്ള ഭാഗം മണ്ണിൽനിന്നും വീണ്ടെടുത്തു. 1925 നും 1936നും ഇടയിലാണ് സ്ഫിങ്ക്സിന്റെ മൊത്തമായും വീണ്ടെടുക്കുന്നത്. എമിലി ബറൈസ് എന്ന ഈജിപ്റ്റോളജിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു അത്.