അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിണ്ടന്റായിരുന്ന ജോർജ് വാഷിംഗ്ടണിന്റെ സ്മരണാർത്ഥം, വാഷിങ്ടൺ, ഡി.സി.യിൽ നിർമിച്ചിരിക്കുന്ന ഒരു ബൃഹത് ഒബിലിസ്കാണ് വാഷിംഗ്ടൺ സ്മാരകം (ഇംഗ്ലീഷ്: Washington Monument) എന്ന് അറിയപ്പെടുന്നത്. ലിങ്കൺ സ്മാരകത്തിനും, റിഫ്ലക്റ്റിംഗ് പൂളിനും കിഴക്കുദിക്കിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാർബിൾ, ഗ്രാനൈറ്റ്, നീലക്കൽ നയ്സ് എന്നിവ ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കൽ നിർമ്മിതിയും, ഏറ്റവും ഉയരമുള്ള ഒബിലിസ്കും വാഷിംഗ്ടൺ സ്മാരകമാണ്. നാഷണൽ ജിയോഡെറ്റിക് സർവേയുടെ കണക്കു പ്രകാരം 554 അടി 7 11⁄32 ഇഞ്ചാണ് (169.046 മീ) സ്മാരകത്തിന്റെ ഉയരം.
1848ലാണ് സ്മാരകത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അമേരിക്കൻ ആഭ്യന്തരയുദ്ധം, ഫണ്ടുകളുടെ അഭാവം തുടങ്ങിയ കാരണങ്ങളാൽ 1854 മുതൽ 1877 വരെയുള്ള കാലയളവിൽ നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായി നടന്നിരുന്നില്ല. എന്നിരുന്നാലും 1884ഓടെ കൽ പണികൾ എല്ലാം പൂർത്തിയായിരുന്നു. ഗോപുരത്തിന്റെ 150 അടി (46 മീ) ഉയരത്തിൽ (27% മുകളിൽ) വെച്ച് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ നിറത്തിൽ പ്രകടമായ വ്യത്യാസം കാണാൻ സാധിക്കും. നിർമ്മാണം നിറുത്തിവെച്ചതിനുശേഷം, നിർമ്മാണം പുനരാരംഭിച്ചപ്പോൾ ഉപയോഗിച്ച കല്ല് മറ്റൊരു സ്രോതസ്സിൽനിന്നായതിനാലായിരുന്നു ഇത് സംഭവിച്ചത്.
2011 ലെ വിർജീനിയ ഭൂകമ്പത്തിലും അതേ വർഷം തന്നെയുണ്ടായ ഐറീൻ ചുഴലിക്കൊടുങ്കാറ്റിലും സ്മാരകത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പുനഃരുദ്ധാരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ സ്മാരകത്തിലേക്ക് സന്ദർശകരെ അനുവധിച്ചിരുന്നില്ല. 32 മാസത്തെ അറ്റകുറ്റപണികൾക്ക് ശേഷം മേയ് 12, 2014നാണ് സ്മാരകം സന്ദർശകർക്ക് തുറന്നുകൊടുത്തത്.